കൊല്ലം: ഫാത്തിമ മാതാ കോളജിനെ കുടചൂടിച്ചു മുത്തശിമരം . നിറയെ പച്ചപ്പീലിയിലകൾ വിരിച്ചു നിൽക്കുന്ന അന്തരീക്ഷം. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല. മഴയിലും വെയിലിലും കോളജിനെ കാക്കുന്നതുപോലെ കൈകൾ വിരിച്ചുനിൽക്കുന്നു. ഹരിതവർണഭംഗിയിൽ കോളജിനെ അടിമുടി സുന്ദരിയാക്കുന്ന നിൽപ്. തണൽ പകർന്നും കുളിർമ പകർന്നു കുട്ടികൾക്ക് സന്തോഷനിമിഷങ്ങൾ സമ്മാനിക്കുന്നു.
ഫാത്തിമ മാതാ കോളജിന്റെ തിരുമുറ്റത്താണ് മരമുത്തശി നിൽക്കുന്നത്. കോളജിനെക്കാൾ ഉയർന്നു നിൽക്കുന്ന മുത്തശി മരത്തിനു പ്രായം നൂറു കടന്നു. മരമുത്തശി പല പേരുകളിലാണ് അറിയപ്പെടുന്നത്. അതിലൊന്നു ഉറക്കംതൂങ്ങി മരമെന്നാണ്. ഇങ്ങനെ വിളിച്ചാലും മരമുത്തശിക്കു സങ്കടമൊന്നുമില്ല. കാരണം സൂര്യന്റെ വെളിച്ചം കുറയുമ്പോൾ അല്ലെങ്കിൽ മഴയ്ക്ക് തൊട്ടുമുമ്പ് ഇതിന്റെ ഇലകൾ കൂമ്പിയടയുന്നു. ആരു നോക്കിയാലും ഉറക്കം തൂങ്ങുകയാണന്നേ പറയൂ.
ഇതിന്റെ ചുവട്ടിൽ സദാ ഈർപ്പം തങ്ങി നിൽക്കുന്നതിനാൽ മഴമരമെന്ന പേരുണ്ട്.ഇളം തണ്ടുകളും ഇലയുടെ അടിഭാഗവും മൃദുവായ ചെറിയ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇലയുടെ മുകൾഭാഗം മിനുമിനുത്തതാണ്. ഇലക്കു മൂന്നു നാലു സെന്റീമീറ്റർ നീളമുണ്ടാവും.
മൈമോസെ സസ്യകുടുംബത്തിൽപ്പെട്ടതാണ് മരമുത്തശി. സമാനിയ സമാൻ എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. മരത്തിന്റെ സ്വദേശം തെക്കേ അമേരിക്കയാണ്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. ഇതിന്റെ പത്രവിതാനത്തിന് ഏതാണ്ടു 30 മീറ്റർ വ്യാസമുണ്ടാകും.
കാന്പസിലേക്കു നോക്കിയാൽ ഉറക്കം തൂങ്ങി മരമല്ല, മഴ മരവുമല്ല. ഇതിനെ കുട്ടിമരം എന്നു വിളിക്കുന്നതാണ് നല്ലത്. ഇതിനു ചുറ്റും വർത്തമാനം പറഞ്ഞു കാറ്റുകൊണ്ടും ആശ്വാസം തേടുന്ന വിദ്യാർഥികളുടെ ഒരു കൂട്ടം തന്നെയുണ്ട്.ഇത് സദാസമയം കാണുന്നതുകൊണ്ട് കുട്ടിമരമെന്നു വിളിക്കുന്നതിലും തെറ്റില്ല.
വളരെ വേഗത്തിൽ വളരുന്നതും വലിയ തണൽ നൽകുന്നതുമായ മരമാണിത്.
വേരുകൾ ആഴത്തിൽ പോകാത്തതുകൊണ്ടും തടിക്ക് ബലക്കുറവുള്ളതുകൊണ്ടും കാറ്റിലും മഴയിലും ഇവയുടെ ശിഖരങ്ങൾ ഒടിയാൻ സാധ്യതയുണ്ട്. കോളജ് കാന്പസിൽ ശിഖരങ്ങളൊന്നും ഒടിഞ്ഞിട്ടില്ല.പൂക്കാലം മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ്. ശിഖരങ്ങളുടെ അഗ്രഭാഗത്തായി പൂങ്കുലകൾ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പൂക്കൾക്ക് പാടലവർണമാണ്. പൂങ്കുലവൃന്തത്തിന് അഞ്ചാറു സെന്റീമിറ്റർ നീളം ഉണ്ടായിരിക്കും. മരമുത്തശി ഒരു അഹങ്കാരവും അലങ്കാരവുമായി കൈവിരിച്ചു കാന്പസിനെ കാത്തുനിൽക്കുകയാണ്. ഇതൊരു സുരക്ഷാബോധവും കരുതലുമാണ് സമ്മാനിക്കുന്നത്.